രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ 204 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി തുടങ്ങിയത്. ?ഗാന്ധിന?ഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക. ഡിഎൻഎ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുക. അതിനിടെ, അപകട മേഖലയിൽ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ വേദനയിലാഴ്ത്തിയ അപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്നാണ് എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺേ്രേടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്‌നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു. ക്യാബിൻ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിൻറെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. അപകട സമയത്ത് ഹോസ്റ്റലിൽ 400ലധികം പേരുണ്ടായിരുന്നു. ഇവരിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. അഞ്ച് പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഉച്ചയൂണിൻറെ സമയമായിരുന്നതിനാൽ കൂടുതൽ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയർ ഫോഴ്‌സും പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസം നേരിട്ടു. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

