അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. 242 പേർ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷ് നിലവിൽ ഭേദപ്പെട്ട അവസ്ഥയിൽ തുടരുകയാണ്.
ഇനി 33 മൃതദേഹങ്ങളാണ് വിവിധ കാരണങ്ങളാൽ സൂക്ഷിച്ചിരിക്കുന്നത്. മരിച്ച 5 പേരുടെ ഡിഎൻഎ മാച്ചിങ് ഫലത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. അതേസമയം 15 മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾക്കായി കാത്തിരിക്കുകയാണ്. 10 മൃതദേഹങ്ങൾ കൂടി കുടുംബങ്ങളിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ മരിച്ച 2 മൃതദേഹങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിട്ടയച്ചതിൽ 11 മൃതദേഹങ്ങളിൽ, മലയാളി നഴ്‌സിന്റേതടക്കം ഗുജറാത്തിനു പുറത്തുള്ളവയാണ്. നിലവിൽ വിട്ടയച്ച 202 മൃതദേഹങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിലുള്ളവരുടേതാണ്. മരിച്ചവരിൽ 123 ഇന്ത്യൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും നാല് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടുന്നു. മരിച്ച മറ്റ് നാല് പേർ യാത്രക്കാരല്ല. ഇവർ അപകടം നടന്ന സമയത്ത് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ആളുകളാണെന്നും അധികൃതർ വ്യക്തമാക്കി.

