അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 190 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയപ്പെട്ടതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. തിരിച്ചറിയപ്പെട്ടവരിൽ 123 പേർ ഇന്ത്യക്കാർ ആണെന്ന് സ്ഥിരീകരിച്ചു. കൂടാതെ, 7 പോർച്ചുഗീസ് പൗരന്മാർ, 27 ബ്രിട്ടീഷ് പൗരന്മാർ, 1 കാനഡ പൗരൻ, 4 സ്വദേശികൾ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതേസമയം, മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും മരിച്ച മലയാളി നഴ്‌സസ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്

