മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് എതിരായിരുന്നു കോണ്‍ഗ്രസെന്നും ആര്യാടൻ മുഹമ്മദൊക്കെ ജില്ലക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും എ വിജയരാഘവൻ. അവസരവാദപരമായ അജണ്ടയാണ് യു ഡി എഫിന്റേത്. യു ഡി എഫിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് അസത്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എൽ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന് മികച്ച സ്വീകാര്യതയെന്നും എ വിജയരാഘവന്‍ പറഞ്ഞു. എല്‍ ഡി എഫ് തീരുമാനത്തോട് ജനങ്ങള്‍ ഒന്നടങ്കം നല്ല പ്രതികരണമാണ് നടത്തിയത്. യു ഡി എഫിന് വലിയതോതില്‍ ആശങ്കയുണ്ട്. നിരവധി അസംതൃപ്തരുടെ കേന്ദ്രമാണ് യു ഡി എഫ്. അതിന്റെ പ്രതിഫലനം നിലമ്പൂരില്‍ ഉണ്ട്. സ്ഥാനാര്‍ഥി വന്നപ്പോള്‍ യു ഡി എഫ് പ്രതിസന്ധിയിലായി. യു ഡി എഫ് അന്‍വറിനെ തെരുവിലാക്കി. യു ഡി എഫിന്റെത് ആളെ പറ്റിക്കുന്ന സമീപനമാണ്.
വികസനം ജനങ്ങളോട് വിശദീകരിച്ചാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര അവഗണനക്കിടയിലും കേരളം മുന്നേറുന്നു. ഇടതുപക്ഷത്തിന് ലഭിക്കുന്ന പൊതു സ്വീകാര്യത പ്രതീക്ഷ നല്‍കുന്നു. നിലമ്പൂരിലെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ യു ഡി എഫ് ആഗ്രഹിക്കുന്നു. ആപത്കരമായ സമീപനമാണ് പ്രതിപക്ഷത്തിൻ്റെത്. മുന പോയ ആയുധങ്ങളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. ചില വിഷയങ്ങളെ അടര്‍ത്തിയെടുത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു. പ്രതിപക്ഷ നേതാവ് വായില്‍ തോന്നിയതൊക്കെ പറയുകയാണ്. സതീശന്റെത് വളഞ്ഞ ബുദ്ധിയാണ്. കേരളത്തിന്റെ വികസനത്തിന് എതിരാണ് പ്രതിപക്ഷം. പ്രതിപക്ഷം കേരള ജനതക്കെതിരാണെന്നും കേരളവിരുദ്ധ പ്രതികരണമാണ് പ്രതിപക്ഷനേതാവ് നടത്തിയതെന്നും എ വിജയരാഘവൻ പറഞ്ഞു.
18 മാസം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കാതിരുന്നത് കൈക്കൂലി കൊടുക്കാന്‍ ആയിരുന്നോയെന്ന് വി ഡി സതീശന്‍ വ്യക്തമാക്കണം. കൃത്യമായി പെന്‍ഷന്‍ കൊടുത്ത സര്‍ക്കാരാണ് ഇത്. യു ഡി എഫിന്റെ തെറ്റായ പ്രചരണങ്ങള്‍ ഇക്കാലത്ത് ചെലവാകില്ല. ജനങ്ങള്‍ ഇതിനെ തള്ളിപ്പറയും. നിലമ്പൂരില്‍ യുഡിഎഫ് വലിയ തോല്‍വി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും ദുര്‍ബല ജനവിഭാഗത്തെ അവഹേളിക്കുന്നതില്‍ ആഹ്ളാദിക്കുന്നവരാണ് കോണ്‍ഗ്രസെന്നും ആ സ്വഭാവത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്നും പെൻഷൻ കൈക്കൂലിയാണെന്ന കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു.

