Headlines

അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന

അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്.

കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. മ്യാന്മാര്‍ ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ 5 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ടെയ്നറുകളിൽ എന്തുണ്ടെന്ന വിവരം കമ്പനികൾ നല്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന അറിയിച്ചു. രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. രക്ഷാ ദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീയണയ്ക്കാനും ഊര്‍ജിത ശ്രമം തുടരുകയാണ്.

കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് കപ്പൽ അപകടം ഉണ്ടായത്. ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ ദൂരത്തുമായാണ് അപകടം സംഭവിച്ചിരിക്കുന്നത്. പത്ത് മണിക്കൂർ മുൻപാണ് കപ്പൽ കൊളംബോ തീരത്ത് നിന്ന് യാത്ര തുടങ്ങിയത്. നാളെ രാവിലെ മുംബൈ തീരത്ത് എത്തേണ്ടതായിരുന്നു.

157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി. എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ചരക്കു കപ്പൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply