Headlines

അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവച്ചു

ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. ‘ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു’ എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിൻറെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

2015 മുതൽ ഐറിഷ് സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൻറെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു.

സമീപ ദിവസങ്ങളിൽ അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ അക്രമങ്ങളെയും വംശീയാധിക്ഷേപത്തെയും അലപിക്കുന്നുവെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. എന്നാൽ എത്ര പേർ ആക്രമിക്കപ്പെട്ടു, ഈ ആക്രമത്തിൻറെ പൊതുസ്വഭാവം എന്താണ് എന്നതിനെ കുറിച്ച് അയർലൻഡ് പൊലീസിനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

Leave a Reply