മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികൾ. ജ?ഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി.
അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ 93 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ പറഞ്ഞു. എന്നാൽ ആ?രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അം?ഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.
ഇതിനിടെ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ അംഗമായി നിൽക്കാനാണ് ആഗ്രഹമെന്നും പുതിയ താരങ്ങൾ നേതൃനിരയിലേക്ക് വരണമെന്നും ആസിഫ് അലി പറഞ്ഞു. ”അമ്മ എന്ന സംഘടന ആവശ്യമാണ്. കൂടുതലും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആളുകൾ ചോദ്യം ചെയ്തിട്ടുള്ളതും. പക്ഷേ സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഇത്രയും വർഷം അതിൽ നിന്നൊരാളെന്ന നിലയിൽ എനിക്കത് അറിയാം. സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരേണ്ട ആവശ്യമുണ്ട്. അതിന് അനുയോജ്യരായിട്ടുള്ളവർ വരണം. സംഘടനയുടെ തലപ്പത്തേക്ക് വരാൻ ഞാൻ അനുയോജ്യനല്ല. എൻറെ ആശയവിനിമയം വളരെ മോശമാണ്. ഞാൻ ഫോൺ വിളിച്ചാൽ എടുക്കാത്ത ആളാണ്. ഒരു സംഘടനയിൽ നിൽക്കുമ്പോൾ കുറച്ചുകൂടി മര്യാദയുള്ള ആളാണ് വേണ്ടത്” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടൻറെ പ്രതികരണം.

