Headlines

അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ടെന്നും, കൂടുതൽ വിശദാംശങ്ങൾ നാളെ നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു പേർ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്.

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ശുദ്ധജലത്തിൽ കാണപ്പെടുന്ന നെല്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.

ലക്ഷണങ്ങൾ: സാധാരണ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളായ പനി, തല വേദന, ഛർദ്ദി, കഴുത്തുവേദന, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ഈ രോഗത്തിനും ഉണ്ടാകുന്നത്.

പ്രതിരോധ മാർഗ്ഗങ്ങൾ

വൃത്തിയില്ലാത്ത കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ കുളിക്കുന്നത് ഒഴിവാക്കുക.വെള്ളത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കും.

Leave a Reply