ഈ വർഷം ആദ്യ പകുതിയിൽ അബുദാബിയിലെ സായിദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 1.55 കോടി ആളുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 13.1 ശതമാനത്തിന്റെ വലിയ വർധനവാണ് ഇത് കാണിക്കുന്നത്. ഇത്തിഹാദ് എയർവേസിന്റെ വളർച്ചയും, പുതിയ വിമാനക്കമ്പനികൾ അബുദാബിയിൽ സേവനം ആരംഭിച്ചതും ഈ നേട്ടത്തിന് പ്രധാന കാരണങ്ങളാണ്. സായിദ് ഇന്റർനാഷണൽ, അൽഐൻ ഇന്റർനാഷണൽ, അൽ ബതീൻ എക്സിക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർ ബനിയാസ് ഐലൻഡ് എന്നീ അഞ്ച് വിമാനത്താവളങ്ങളിലൂടെ 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1.58 കോടി യാത്രക്കാരാണ് കടന്നുപോയത്. തുടർച്ചയായ 17 പാദവാർഷിക റിപ്പോർട്ടുകളിൽ ഈ വിമാനത്താവളങ്ങൾ മികച്ച വളർച്ച രേഖപ്പെടുത്തുന്നുണ്ട്.
വെല്ലുവിളികൾക്കിടയിലും ഈ വർഷം ആദ്യ പകുതിയിൽ മികച്ച ഫലം നേടാനായതിൽ അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇലീന സോർലിനി സന്തോഷം പ്രകടിപ്പിച്ചു. ഇത് വിമാനത്താവള ശൃംഖലയുടെ കരുത്തും പങ്കാളിത്തത്തിന്റെ വിജയവുമാണ് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തിഹാദ് എയർവേസ് മാത്രം ഈ കാലയളവിൽ 1.02 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. മുൻവർഷത്തെക്കാൾ 17 ശതമാനം വർധനവാണ് അവർ കൈവരിച്ചത്. 2030-ഓടെ 38 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി സിഇഒ അന്റനോൽഡോ നവസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

