Headlines

അപകടരഹിത ദിനം; നാല് ബ്ലാക്ക് പോയിൻറ് കുറക്കാൻ അവസരം

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരം നൽകുന്ന ‘അപകടരഹിത ദിനം’ എന്ന പുതിയ ക്യാമ്പയിൻ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വേനലവധിക്കുശേഷം സ്‌കൂളുകൾ തുറക്കുന്ന ദിവസമാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 25-നാണ് സ്‌കൂളുകൾ തുറക്കുന്നത്.

ഈ പദ്ധതിയിൽ പങ്കെടുത്തുകൊണ്ട് ഡ്രൈവർമാർക്ക് തങ്ങളുടെ ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ സാധിക്കും. ഇതിനായി ക്യാമ്പയിൻ നടക്കുന്ന ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ പ്രവേശിച്ച് പ്രതിജ്ഞയെടുത്ത് രജിസ്റ്റർ ചെയ്യണം. തുടർന്ന് അന്നേ ദിവസം അപകടങ്ങളൊന്നുമില്ലാതെ വാഹനം ഓടിച്ചാൽ നാല് ബ്ലാക്ക് പോയിന്റുകൾ കുറവുചെയ്യും. രജിസ്റ്റർ ചെയ്തവരുടെ നടപടികൾ വിലയിരുത്തിയ ശേഷം സെപ്റ്റംബർ 15-നാണ് ബ്ലാക്ക് പോയിന്റുകൾ നീക്കം ചെയ്യുക. ഇതിനായി സർവീസ് സെന്ററുകൾ സന്ദർശിക്കേണ്ടതില്ല.

കുട്ടികൾ സ്‌കൂളിലേക്ക് പോകുന്ന ആദ്യദിവസം റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്നതു മാത്രമല്ല, കൂടെക്കൂടെയുള്ള ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാരിതി പറഞ്ഞു. എല്ലാ വർഷവും സ്‌കൂളുകൾ തുറക്കുന്ന ആദ്യ പ്രവൃത്തി ദിവസം ആഭ്യന്തര മന്ത്രാലയം ഈ ക്യാമ്പയിൻ നടത്താറുണ്ട്.

Leave a Reply