ജനുവരി പകുതിയോടെ യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച പകുതിയോടെ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളിൽ 7 മുതൽ 8 ഡിഗ്രി വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. ജനുവരി 15-ന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ 3 മുതൽ 4 ഡിഗ്രി വരെ താപനില കുറയും. ജനുവരി 16-ഓടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5 ഡിഗ്രിയോളം താപനില താഴും. പർവ്വത പ്രദേശങ്ങളിൽ തണുപ്പ് അതിശക്തമായിരിക്കും. പുലർച്ചെ സമയങ്ങളിൽ താപനില 5 മുതൽ 7 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. അജ്മാൻ ഉൾപ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രിയിൽ താഴെയായിരിക്കും.
മഴയ്ക്കും മഞ്ഞിനും സാധ്യത
തണുപ്പിനൊപ്പം കനത്ത മൂടൽമഞ്ഞും മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം. ജനുവരി 15ന് വടക്കൻ, കിഴക്കൻ മേഖലകളിൽ (പ്രത്യേകിച്ച് റസൽ ഖൈമ, വടക്കൻ ഫുജൈറ) നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തണുപ്പ് അനുഭവപ്പെടുന്നത് വർധിക്കും

