Headlines

അടുത്ത ഐപിഎൽ താരലേലത്തിലെ ഏറ്റവും വില കൂടിയ താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര

അടുത്ത ഐപിഎൽ മിനി താരലേലത്തിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കാൻ ടീമുകൾ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഗ്രീൻ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്കക്കതിരായ ആദ്യ ടി20യിലും ബാറ്റിംഗിൽ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ ഗ്രീൻ 17 പന്തിൽ 35 റൺസടിച്ചിരുന്നു. അടുത്ത ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലകൂടി താരമാകും ഗ്രീനെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പറഞ്ഞു.

അടുത്ത ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലകൂടിയ താരം ഓസ്ട്ര്‌ലേിയയുടെ കാമറൂൺ ഗ്രീനാകും. കാരണം, പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം അസാമാന്യ പ്രകടനമാണ് ഗ്രീൻ പുറത്തെടുക്കുന്നത്. ഇതുവരെ ബൗൾ ചെയ്ത് തുടങ്ങിയിട്ടില്ലെങ്കിലും വൈകാതെ ബൗളിംഗ് കൂടി ആരംഭിക്കുന്നതോടെ ഗ്രീനിനെ സ്വന്തമാക്കാൻ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. കാരണം, ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയുന്ന ഗ്രീനിനെ പോലൊരു ഓൾ റൗണ്ടറെ സ്വന്തമാക്കാൻ ഏത് ടീമും ആഗ്രഹിക്കും. അതിനായി എത്ര പണം മുടക്കാനും അവർ തയാറാവും. അതുകൊണ്ട് തന്നെ അടുത്ത താരലേലം കാമറൂൺ ഗ്രീനിൻറെ പേരിലായിരിക്കും അറിയപ്പെടുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ ഐപിഎല്ലിൽ നിന്ന് കാമറൂൺ ഗ്രീൻ വിട്ടു നിന്നിരുന്നു. 2024ലെ ഐപിഎല്ലിൽ ആർസിബിക്കായി കളിച്ച ഗ്രീൻ 12 ഇന്നിംഗ്‌സുകളിൽ നിന്ന് 143.25 സ്‌ട്രൈക്ക് റേറ്റിൽ 255 റൺസ് നേടിയിരുന്നു. 8.61 ഇക്കോണമിയിൽ 10 വിക്കറ്റുകളും ഗ്രീൻ സ്വന്തമാക്കി. 2023ൽ കാമറൂൺ ഗ്രീനും ഡെവാൾഡ് ബ്രെവിസും ട്രിസ്റ്റൻ സ്റ്റബ്‌സും ടിം ഡേവിഡും ഒരിക്കൽ മുംബൈ ഇന്ത്യൻസിൻറെ താരങ്ങളായിരുന്നുവെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

Leave a Reply