ഇന്ന് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിൽ ഇന്ധനവില കുറഞ്ഞു. ഇതിന് പിന്നാലെ, അജ്മാനിലെ ടാക്‌സി നിരക്കുകളും കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് അതോറിറ്റി.
നാളെ മുതൽ (നവംബർ 1) അജ്മാനിൽ ടാക്‌സിക്ക് ഒരു കിലോമീറ്ററിന് 1.75 ദിർഹം ആയിരിക്കും നിരക്ക്. ഒക്ടോബറിൽ ഇത് 1.77 ദിർഹം ആയിരുന്നു. അതായത് കിലോമീറ്ററിന് 2 ഫിൽസിന്റെ കുറവാണുണ്ടായിട്ടുള്ളത്.
നവംബർ മാസത്തെ ഇന്ധനവില
ഒക്ടോബറിലെ നിരക്കുകളെ അപേക്ഷിച്ച് ലിറ്ററിന് 15 ഫിൽസ് വരെയാണ് ഇന്ധനവിലയിൽ കുറവ് വന്നിരിക്കുന്നത്. നവംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ ഇന്ധനവിലകൾ (ഒരു ലിറ്ററിന്) താഴെ നൽകുന്നു:
സൂപ്പർ 98 പെട്രോൾ: 2.63 ദിർഹം (ഒക്ടോബറിൽ ഇത് 2.77 ദിർഹം ആയിരുന്നു).
സ്‌പെഷ്യൽ 95 പെട്രോൾ: 2.51 ദിർഹം (കഴിഞ്ഞ മാസം ഇത് 2.66 ദിർഹം ആയിരുന്നു).
ഇ-പ്ലസ് പെട്രോൾ: 2.44 ദിർഹം (ഒക്ടോബറിൽ ഇത് 2.58 ദിർഹം ആയിരുന്നു).
ഡീസൽ: 2.67 ദിർഹം (കഴിഞ്ഞ മാസം ഇത് 2.71 ദിർഹം ആയിരുന്നു).
ഇന്ധനവില കുറഞ്ഞതോടെ, നവംബറിൽ ഒരു തവണ ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോൾ ഉപയോക്താക്കൾക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നാല് ദിർഹം മുതൽ 15 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.

