എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാനാപകടത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ പുണെ പൊലീസിൽ നിന്ന് സിഐഡി സംഘം ഉടൻ ശേഖരിക്കുമെന്നും, അപകടം നടന്ന സ്ഥലം സംഘം സന്ദർശിക്കുമെന്നും പൊലീസ് അറിയിച്ചു.സംസ്ഥാന പൊലീസ് സിഐഡി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും, ബിഎൻഎസ് 194 വകുപ്പ് പ്രകാരം അപകടമരണത്തിന് രജിസ്റ്റർ ചെയ്ത കേസ് സിഐഡിക്ക് കൈമാറിയതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേരും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ ബാരാമതിയിലേക്ക് അജിത് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം തകർന്നതിനു പിന്നാലെ പൂർണമായും കത്തിനശിക്കുകയായിരുന്നു.അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സിഐഡി സംഘം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അജിത് പവാറിന്റെ മരണത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു

