അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് അമ്മൂമ്മ. കുടുംബത്തോടുള്ള ദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് ചോദ്യം ചെയ്യലിനിടെ റോസ്ലി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം. വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി പോലിസ് കണ്ടെത്തിയിരുന്നു.ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന.

